മുംബൈ: ലോക്കപ്പുകളിൽ ആത്മഹത്യാ സംഭവങ്ങൾ തടയുന്നതിനായി പ്രതികൾക്ക് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ച് മുംബൈ പോലീസ്. കസ്റ്റഡി മരണങ്ങൾ കുറയ്ക്കുകയും തടവുകാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ നയം പ്രകാരം, പോലീസ് സ്റ്റേഷൻ ലോക്കപ്പുകളിൽ കഴിയുന്ന പ്രതികൾ പ്രത്യേകം രൂപകൽപന ചെയ്ത വസ്ത്രം ധരിക്കണം. പുതിയ ഡ്രസ്കോഡ് മുംബൈ ആൻടോപ്പ് ഹിൽ പോലീസ് സ്റ്റേഷനിൽ അവതരിപ്പിച്ചു.
ആൻടോപ്പ് ഹിൽ പോലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതികൾക്ക് മെറൂൺ നിറത്തിലുള്ള സ്ലീവ് ടീ-ഷർട്ടുകളും കറുത്ത ഷോർട്ട്സുമാണ് ധരിക്കാൻ നൽകിയത്.
പ്രതികൾ ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ഷർട്ടിന്റെ നീളൻ കൈകൾ, ഷർട്ട് കോളർ, പാന്റിന്റെ കാലുകൾ എന്നിവ ഉപയോഗിച്ച് കുരുക്കുകളോ കെട്ടുകളോ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
കസ്റ്റഡി ആത്മഹത്യ കേസുകളിൽ ഇത്തരം വസ്ത്രങ്ങൾ ഒരു പ്രധാന ഘടകമായി മാറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വസ്ത്രത്തിന് പുറമേ, ലോക്കപ്പ് അടിസ്ഥാന സൗകര്യങ്ങളിലും പോലീസ് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ലോക്കപ്പിനുള്ളിലെ ശുചിമുറി വാതിലുകളിലും മാറ്റം വരുത്തും.
മഹാരാഷ്ട്രയിൽ, 2020നും 2023നും ഇടയിൽ 54 ലധികം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിരവധി കേസുകളും തൂങ്ങി മരണമാണ്. ഇതാണ് പോലീസ് ലോക്കപ്പുകളിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമാക്കിയത്.